Wednesday, September 11, 2013

ഗവിയിലൂടെ ഒരു ജംഗിള്‍ സഫാരി

പത്തനംതിട്ടയില്, കെ.എസ്.ആര്.ടി.സി ബസ്സ്സ്റ്റാന്ഡില് ഡ്രൈവര് ജയന് കൈകൊടുത്തു നന്ദി പറഞ്ഞിറങ്ങുമ്പോള് അസൂയ തോന്നുന്നുണ്ടായിരുന്നു. കാരണം അടിക്കടി അയാളീ റൂട്ടിലാണല്ലോ ബസ്സോടിക്കുന്നത്.

പുലര്ച്ചെ അഞ്ചുമണി. കുളിരില് മയങ്ങി കിടക്കുകയായിരുന്നു കുമിളി. തട്ടുകടകളില് കട്ടന്ചായകള് ആവി പറത്താന് തുടങ്ങി. ആദ്യചായ കുടിച്ചുകൊണ്ടിരിക്കുമ്പോള് ദൂരെ കാത്തിരുന്ന ബോര്ഡ് പ്രത്യക്ഷപ്പെട്ടു. ഗവി വഴി പത്തനംതിട്ട. തമിഴിലും മലയാളത്തിലുമുണ്ട് ബോര്ഡുകള്. സ്റ്റാന്ഡില് കയറിയ ബസില് തിക്കുംതിരക്കുമാവുമെന്നു കരുതി ചായക്കാശും കൊടുത്ത് ഓടിക്കയറി. പക്ഷെ വിചാരിച്ചതുപോലെ തിരക്കുണ്ടായിരുന്നില്ല. ഏതാണ്ട് പത്തുപേര്. ഗവിയിലേക്കുള്ള തൊഴിലാളികളാണ് മിക്കവരും. ഗവി പശ്ചാത്തലമായി ഓര്ഡിനറി സിനിമ വന്നതില് പിന്നെ അവിടേക്കുള്ള ബസില് തിരക്കു കൂടിയതായി കേട്ടിരുന്നു.


''ഇന്ന് വര്ക്കിങ് ഡേ ആയതുകൊണ്ടാ ശനിയും ഞായറുമെല്ലാം നല്ല തിരക്കാണിപ്പോള്.'' ഒരു യാത്രികന് പറഞ്ഞു.
അഞ്ചരയ്ക്കാണ് ബസ് പുറപ്പെട്ടത്. വണ്ടിപ്പെരിയാറെത്തി. പത്രക്കെട്ടുകള് കൂടെ ബസില് കയറി. അല്പദൂരം പോയവഴിയെ തിരിച്ച് വന്നു.

കണ്ണിമാറ എസ്റ്റേറ്റ് റോഡിലൂടെ ഗവിയിലേക്കുള്ള യാത്ര തേയിലത്തോട്ടങ്ങള്ക്കു നടുവിലൂടെയാണ്. തേയിലമലകളെ ചുറ്റിപിണഞ്ഞ നേരിയ റോഡ്. വള്ളക്കടവില് പെരിയാര് കടുവാസങ്കേതത്തിന്റെ സ്വാഗത കമാനം. കണ്ടക്ടര് ചെക്പോസ്റ്റില് പോയി ഒപ്പിടണം. വിദേശസഞ്ചാരികളടങ്ങിയ രണ്ട് തുറന്ന ജീപ്പ് അവിടെ നിന്നും പുറപ്പെട്ടു. വഴിക്ക് ബസ് അവരെ മറികടന്നു. മധു ക്യാമറയെടുത്ത് തുറന്ന ജീപ്പും വിദേശസഞ്ചാരികളേയും ക്യാമറയിലാക്കി. പുറം വാതില് കാഴ്ചകള് കണ്ട് ക്യാമറ തുറന്നടഞ്ഞു കൊണ്ടിരിക്കവെ ഒരു വളവ് തിരിഞ്ഞതും ഡ്രൈവര് മെല്ലെ നിര്ത്തി. റോഡരികിലെ കുന്നിന് ചെരുവില് അതാ ആന! കാട്ടുചെടികള്ക്കിടയില് ഒരു ഗംഭീരമുഖം. മഴയും തണുപ്പും കാരണം അടച്ചിട്ടിരുന്ന ഷട്ടറുകളെല്ലാം തുറന്നു. എല്ലാ കണ്ണുകളും ജനലരികിലേക്ക്. കിട്ടിയത് ഊട്ടി എന്ന മട്ടില് മൊബൈല് ക്യാമറകളും കഌക്കോടു ക്ലിക്ക്. സീറ്റിലിരുന്നു തന്നെ ഡ്രൈവര് ജയനും ആനയെ ക്യാമറയിലാക്കുന്നുണ്ടായിരുന്നു. ബസിനേയും യാത്രികരേയും അല്പനേരം നോക്കി നിന്ന ആന മെല്ലെ പിന്വാങ്ങി. ബസ് മുന്നോട്ട് നീങ്ങിയപ്പോഴാണ് തൊട്ടുമുകളിലെ മലയില് ഒരാനക്കൂട്ടം മേയുന്ന കണ്ടത്. അത് ക്യാമറകണ്ണുകള്ക്കപ്പുറമായിരുന്നു.



കാടിനു ചുറ്റും കോട വന്നു പൊതിയാന് തുടങ്ങി. ചാറ്റല് മഴയും. ക്യാമറയ്ക്ക് ആവേശം കൂടി. കാടിന്റെ വിസ്മയഭാവങ്ങള് പകര്ത്തികൊണ്ടിരിക്കുന്ന മധുവിനെ നോക്കി പഴനിയപ്പന്റെ കമന്റ്.

''പുള്ളിക്കാരന് ഓടി നടന്നങ്ങ് പടമെടുക്കുവാ.''
''നമ്മള് പിന്നെ എന്നും കാണുന്നതല്ലേ അവര്ക്കതല്ലല്ലൊ''
സഹയാത്രികന്റെ മറുപടി

അതേ, എന്നും കാണുന്നവര്ക്ക് കാഴ്ചയുടെ പരിചിതഭാവം പകരുന്നത് മറ്റൊരു വികാരമായിരിക്കാം. എന്തായാലും ജീവിതത്തില് ഒരിക്കലെങ്കിലും ഇതൊന്നനുഭവിക്കണം.

സ്വപ്നലോകത്തിലെന്ന പോലൊരു യാത്ര. സ്വപ്ന സീന് ചിത്രീകരിക്കാന് ആര്ട്ട് ഡയറക്ടര്മാര് എന്തെല്ലാം ഒരുക്കണം. പുക, സെറ്റ്. ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്ന പശ്ചാത്തലം. കോടമഞ്ഞിന്റെ സ്പെഷല് എഫക്ട്. മഞ്ഞിന്റെ മായികവലയത്തില് ആര്ദ്രമായ മരക്കൂട്ടങ്ങള്, പുല്മേടുകള്... കണ്ണ് തുറന്നിരുന്നൊരു സുന്ദരസ്വപ്നം കാണുന്നതു പോലെ.

തൊട്ടുമുന്നിലെ കാഴ്ചകള് മാത്രമായതിനാല് ബസ് മെല്ലെയാണ് പോകുന്നത്. കോട മാറുമ്പോള് തെളിയുന്ന റോഡ് കൂറ്റന് ഹരിതഗിരികള്ക്കു നടുവില് എവിടെയോ നഷ്ടപ്പെടുന്നു. മുന്നില് മഴ നനഞ്ഞ ബസ്ചില്ലിലൂടെ മുന്നോട്ട് നോക്കുമ്പോള് ഒരെണ്ണച്ചായചിത്രം പോലെ പ്രകൃതി. ബസിനകത്തേക്ക് കാട്ടുചെടികള് വന്ന് തലോടുന്നു. മരം പെയ്യുന്നതിന്റെ മധുരസ്പര്ശം മുഖത്തെത്തുന്നു. നിത്യയാത്രികര് ഷട്ടറടച്ച് ഇതിനെയെല്ലാം പ്രതിരോധിക്കുമ്പോള് ആദ്യയാത്രികര് അതിന്റെ ഹരം നുകരുകയാണ്.

ഗവിയെത്തി. കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന്റെ ഇക്കോ ടൂറിസം സെന്റര് കാണാം. ഏലത്തോട്ടങ്ങളുടെ നാടാണ് ഗവി. സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യങ്ങളുടെയും..



കൊച്ചുപമ്പയായി. അവിടെ കെ.എസ്.ഇ.ബിയുടെ കാന്റീനുണ്ട്. വണ്ടി ഒതുക്കിയിട്ടു. പത്തുമിനിറ്റുണ്ട് കണ്ടക്ടര് സുരേഷ് പറഞ്ഞു. അപ്പവും മുട്ടക്കറിയും കട്ടന്ചായയും. പ്രഭാതഭക്ഷണം കുശാലായി. ഡ്രൈവര് ജയനേയും കണ്ടക്ടര് സുരേഷിനേയും പരിചയപ്പെട്ടതപ്പോഴാണ്. ജയന് പയ്യന്നൂര് കോറോം സ്വദേശിയാണ്. കെ.എസ്.ആര്.ടി.സി കുമിളി ഡിപ്പോയിലാണ് ജോലി. ഈ റൂട്ടിലാണ് മിക്കപ്പോഴും. പ്രകൃതിസ്നേഹി കൂടിയായതിനാല് ഈ ജോലി നന്നായി ആസ്വദിക്കുന്നു. യാത്രയില് നിന്നാണെന്നറിഞ്ഞപ്പോള് ഫോട്ടോഗ്രാഫര്ക്ക് എഞ്ചിന് ബോക്സിനു മേല് പ്രത്യേക സൗകര്യവും ചെയ്തു തന്നു.

ഭക്ഷണം കഴിഞ്ഞ് വീണ്ടും വണ്ടി മുന്നോട്ട്. മറ്റൊരു വളവില് കോടനീങ്ങിയ ഒരു നിമിഷാര്ഥത്തില് തൊട്ടടുത്തെ പുല്മേട്ടില് ഒരു കൂട്ടം കാട്ടുപോത്തുകള്. നേരെ എതിര്വശത്തെ കുന്നിന് കൂടാരത്തിനു മുകളില് മറ്റൊരു കൂട്ടം. നിത്യയാത്രികര്ക്ക് ബസിങ്ങനെ നിര്ത്തിയിടുന്നത് അത്ര പിടിക്കുന്നില്ല. ''ഇത് ഇന്നു തന്നെയങ്ങ് എത്തുമോ'' അവര് മുറുമുറുക്കുന്നുണ്ടായിരുന്നു.
വണ്ടി മുന്നോട്ട്. ഒരു കൊടുംവളവില് കാട്ടുപോത്തിന്റെ കൂട്ടത്തിലെ ഒറ്റയാന്. ഒരു കൂറ്റന്, വിശാലമായ കൊമ്പ്. ബസിനേയും ക്യാമറകളേയും നോക്കി അലസമായി പുല്ലും തിന്ന് അവന് അവന്റേതായ സമയമെടുത്ത് മുന്നോട്ട് നീങ്ങി. പയ്യെ ഞങ്ങളും. അല്പം പോയപ്പോ മറ്റൊരു കൂട്ടം. അവ പക്ഷെ ബസിനെ കണ്ടതും തിരിഞ്ഞോടി.

എന്തോ ചീഞ്ഞളിഞ്ഞതിന്റെ രൂക്ഷഗന്ധം ബസിലേക്ക്. യാത്രികര് മൂക്കുപൊത്തി. കടുവ കാട്ടുപോത്തിനെ കൊന്നിട്ടതിന്റേതാണ്. സ്ഥിരം യാത്രികനായ ഒരാള് പറഞ്ഞു.

അതാ ആനത്തോട് ഡാം. വെള്ളം തീരെ കുറഞ്ഞിരിക്കുന്നു. ഇത്രയും വെള്ളം കുറഞ്ഞുകാണുന്നത് ഏറെക്കാലത്തിനു ശേഷമാണത്രെ. ഡാം വന്നപ്പോള് നശിച്ച വനങ്ങളുടെ കുറ്റികളും മരകഷണങ്ങളുമെല്ലാം തെളിഞ്ഞു കാണാം. വനനശീകരണത്തിന്റെ നഗ്നചിത്രങ്ങള്. സൈലന്റ് വാലിയിലും അതിരപ്പള്ളിയിലും ഡാം വരണമെന്നു വാദിക്കുന്നവര് ഇതൊന്നു വന്നു കണ്ടാല് നന്നായിരുന്നു. വരണ്ട ഡാമിലേക്ക് തങ്ങളെ കൊണ്ട് ആവും പോലെ വെള്ളമെത്തിക്കാനുള്ള പരിശ്രമത്തിലാണ് കാടിനുളളില് നിന്നുള്ള നീരൊഴുക്കുകള്. അത് ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളായി ചന്തം ചാര്ത്തുന്നു.

കാറ്റില് കോടനീങ്ങുമ്പോള് ഡാം തെളിയുന്നു. ഡാമിനു മുകളിലൂടെ ബസ് അക്കരെ കടന്നു. ഇടയ്ക്ക് വീണ്ടും വഴിയോരകാഴ്ച്ചയായി ആഴങ്ങളില് ഡാം കാണാം. കക്കിഡാമാണ് അടുത്തകാഴ്ച്ച. കൂറ്റന് മലയിടുക്കുകളില് വളഞ്ഞ്പുളഞ്ഞ് കിടക്കുന്ന ജലാശയം.
പത്തിരുന്നൂറിലധികം ഫ്രെയിമുകള് സ്വന്തമാക്കിയ ഫോട്ടോഗ്രാഫര്ക്ക് ആവേശം തീരുന്നില്ല. ഇത് ഒരു യാത്രയല്ല, ഒരൊന്നൊരയാത്ര തന്നെ! മധുവിന്റെ സര്ട്ടിഫിക്കറ്റ്

മൂഴിയാര്, കക്കാട്, കൊച്ചാണ്ടി കടന്ന് ആങ്ങമുഴി താണ്ടുന്നതോടെ കഥ മാറുന്നു. വീടുകള്, ജനവാസകേന്ദ്രങ്ങള്. കാട്ടുപോത്തുകള്ക്കു പകരം നാട്ടുപോത്തുകള്, കാടിനു പകരം റബ്ബര് തോട്ടങ്ങള്. വീട്ടുവളപ്പില് മൂടുപടമണിഞ്ഞ റംബ്ബൂട്ടാന് മരങ്ങള്! വിളഞ്ഞുനില്ക്കുന്ന റംബ്ബൂട്ടാന് കായകള് പക്ഷിള് കൊത്തിതിന്നാതിരിക്കാനായി മരമൊന്നാകെ വലയിട്ട് മൂടിയിരിക്കുകയാണ്. എല്ലാം കിളികള്ക്ക് ദാനം ചെയ്ത് കാടുവളര്ത്തുന്ന കാട്ടുമരങ്ങളെവിടെ, കച്ചവടക്കണ്ണില് വളരുന്ന നാട്ടുമരങ്ങളെവിടെ. ചിറ്റാര്, പെരുനാട്, വടശ്ശേരിക്കര... നാട്ടുജീവിതത്തിന്റെ ചിത്രങ്ങള് കൂടുതല് തെളിയുന്നു. ഇനി കണ്ണടച്ചിരുന്നൊരു സ്വപ്നം കാണാം. പിന്നിട്ട വഴിയിലൂടെ മനസ്സുകൊണ്ടൊരു മടക്കയാത്ര...

No comments:

Post a Comment